നെന്മാറ: കൊയ്യാൻ പാകമായ ഒന്നാംവിള നെൽപ്പാടങ്ങളിൽ മുഞ്ഞബാധ രൂക്ഷമായി. മുഞ്ഞബാധ ശ്രദ്ധയിൽപ്പെട്ട കർഷകർ നെൽപ്പാടങ്ങളിലെ വെള്ളം വാർത്തുകളഞ്ഞ് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനുള്ള ശ്രമത്തിലാണ്.
പത്തുദിവസത്തിനകം കൊയ്യാൻ കഴിയുന്ന നെൽപ്പാടങ്ങളിലാണ് മുഞ്ഞബാധ രൂക്ഷമായത്. നിലാ പർവ്വറ്റ ലുഗ്യൻസ് എന്ന ചാര നിറത്തിലുള്ള ചെറുപ്രാണികളാണ് മുഞ്ഞ എന്ന പേരിൽ അറിയപ്പെടുന്നതെന്നും ക്വിനാൽഫോസ്, ക്ലോർ പെരിഫോസ്, ലാംഡ തുടങ്ങിയ കീടനാശിനികൾ തളിച്ച് ഇവയെ നിയന്ത്രിക്കാമെന്നും കൃഷി വിദഗ്ധർ പറയുന്നു.
മറ്റു കീടനാശിനികൾ തളിക്കുന്ന രൂപത്തിൽ നെൽപ്പാടങ്ങളിൽ എളുപ്പം തളിക്കാൻ കഴിയുകയില്ല. തൊഴിലാളികളെ ഉപയോഗിച്ച് നെൽചെടികൾ വകഞ്ഞ് ചരിച്ചുവച്ച് തളിക്കേണ്ടതിനാൽ കീടനാശിനി തളിക്കൽ പ്രായോഗികമല്ലാത്തതും തൊഴിലാളിക്ഷാമവും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. വിളഞ്ഞു പാകമാകാറായ നെൽപ്പാടങ്ങളിൽ മരുന്നുതളിക്കുന്നതിനായി വകഞ്ഞുമാറ്റുന്നതും വിളഞ്ഞു പാകമായ നെൽചെടികളിൽക്കിടയിലൂടെ നടക്കുന്നതും കൂടുതൽ നെൽച്ചെടികൾ ചവിട്ടേറ്റ് നശിക്കാൻ കാരണമാകുവെന്നും കർഷകർ പറയുന്നു.
അയിലൂർ കൃഷിഭവൻ പരിധിയിലെ പാലമൊക്ക് ചന്ദ്രന്റെ കൃഷിയിടത്തിലാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. കയറാടി, മരുതഞ്ചേരി എന്നിവിടങ്ങളിലെ വിളവെടുപ്പിന് പാകമാകാറായ നെൽപ്പാടങ്ങളിലും മുഞ്ഞബാധ കണ്ടെത്തിയിട്ടുണ്ട്.
ആലത്തൂരിൽ നെൽപ്പാടത്ത് ചെടിപ്പേൻ രോഗബാധ
ആലത്തൂർ: കൃഷിഭവൻ പരിധിയിലെ ചേന്ദംകോട് പാടശേഖരത്തിൽ കതിരുനിരന്ന നെൽപ്പാടത്ത് വെള്ളപ്പുറത്തുള്ള ചെടിപ്പേൻ രോഗബാധ കണ്ടെത്തി. വെള്ളമുള്ള പാടശേഖരങ്ങളിലെ കർഷകർ ദിവസേന നിരീക്ഷിച്ച് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കൃഷിഭവനുമായി ബന്ധപ്പെട്ട് നിയന്ത്രണനടപടികൾ സ്വീകരിക്കണമെന്നു കൃഷി ഓഫീസർ കെ. ശ്രുതി അറിയിച്ചു.